സംസ്ഥാനത്തെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന്അ എം എ ബേബി റിയിച്ചു. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് അദ്ദേഹം ഈ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പിണറായി വിജയൻ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം അനിവാര്യമാണെന്ന കേരള ഘടകത്തിന്റെ നിലപാട് പൊളിറ്റ് ബ്യൂറോ അംഗീകരിച്ചതായും എം.എ. ബേബി പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്കും സ്ത്രീകൾക്കും യുക്തമായ പ്രാതിനിധ്യം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡമെന്നും ജില്ലാ കമ്മിറ്റികളുടെ ശുപാർശകൾ പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുകയെന്നും വ്യക്തമാക്കി. ഒരേ ആളുകൾ തുടർച്ചയായി മത്സരിക്കുന്ന രീതിയില്ലെങ്കിലും, പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലർക്കു ഇളവ് നൽകേണ്ടിവരുമെന്നും സൂചന നൽകി. മാർച്ച് ആദ്യവാരത്തോടെ എൽ.ഡി.എഫിന്റെ പൂർണ്ണ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
