മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മുൻകാല രീതിയിൽ തന്നെ പുനഃസ്ഥാപിക്കാനുള്ള പ്രമേയം കേരള നിയമസഭ പാസാക്കാൻ തയ്യാറാകണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി തെലുങ്കാനയെയും കർണാടകയെയും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിലുറപ്പ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തെലുങ്കാന നിയമസഭ ഏകകണ്ഠേന പ്രമേയം പാസാക്കിയതായും, കർണാടക സർക്കാർ ഇതുസംബന്ധിച്ച് അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേർത്തതായും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പുതിയ നിയമനിർമാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകർത്ത കേന്ദ്ര മോദി സർക്കാരിന്റെ നടപടിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി, ലോക്ഭവനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ അവകാശം സംരക്ഷിക്കുന്ന വിധത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് വേണുഗോപാൽ വ്യക്തമാക്കി.
തെലുങ്കാനയിൽ ഗ്രാമസഭകളിലും ഇതുസംബന്ധിച്ച പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെന്നും, സമാനമായി കേരളത്തിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭയിലെ പ്രവർത്തനത്തെ ചൊല്ലി യുഡിഎഫ് എംപിമാരെ വിമർശിക്കുന്ന മുഖ്യമന്ത്രി സംവാദത്തിന് തയ്യാറാകണമെന്നും വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന വിഷയങ്ങൾ ഉന്നയിക്കാത്ത ഒരു പാർലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ലെന്നും, ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്താൽ യാഥാർഥ്യം മുഖ്യമന്ത്രിക്ക് ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം മുന്നണിയിലെ സിപിഐയെ പോലും അറിയിക്കാതെ പിഎം ശ്രീ പദ്ധതിയിൽ ആർഎസ്എസ് അജണ്ടയ്ക്കായി ഒപ്പുവച്ച മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാനുള്ള ധാർമിക അവകാശമില്ലെന്നും വേണുഗോപാൽ ആരോപിച്ചു. പിഎം ശ്രീ വിഷയത്തിൽ രൂപീകരിച്ച സബ് കമ്മിറ്റി എവിടെയാണെന്നും, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സിപിഐ നേതാവ് ബിനോയ് വിശ്വത്തിനും എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ യഥാർത്ഥത്തിൽ സമരം ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവന് മുന്നിലാണ് സമരം ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാൽ വിമർശിച്ചു.
ഗവർണർക്കെതിരെ വലിയ സമരങ്ങൾ സംഘടിപ്പിച്ച ശേഷം വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമരസപ്പെടുന്നതാണ് സിപിഎമ്മിന്റെ ശൈലിയെന്നും, അതിനാൽ കോൺഗ്രസിനെ പഠിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ മുന്നേറ്റത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്ന കാർഷിക കരിനിയമങ്ങളെപ്പോലെ തന്നെ, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമഭേദഗതികളും കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്നും വേണുഗോപാൽ പറഞ്ഞു. ദരിദ്ര ജനവിഭാഗങ്ങളുടെ തൊഴിൽ അവകാശങ്ങളുടെ അടിത്തറയായ ഈ പദ്ധതിയെ നിയമഭേദഗതികളിലൂടെ കേന്ദ്ര സർക്കാർ ‘കൊല്ലാക്കൊല’ ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. യാതൊരു ചർച്ചയും കൂടാതെ ജനാഭിലാഷത്തിന് വിരുദ്ധമായ നിയമം ബുള്ഡോസർ ചെയ്ത് നടപ്പാക്കിയതായും അദ്ദേഹം വിമർശിച്ചു.
പദ്ധതിയുടെ പേര് മാറ്റിയതിലൂടെ ഗാന്ധിയൻ ആശയങ്ങളെ ബിജെപിയും സംഘപരിവാറും വീണ്ടും വധിച്ചുവെന്നും, ഇതിന് പിന്നിൽ ആർഎസ്എസിന്റെ ഗെയിംപ്ലാനാണെന്നും വേണുഗോപാൽ ആരോപിച്ചു. തൊഴിൽ അവകാശം കവർന്നെടുത്ത പുതിയ ഭേദഗതികൾ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും, വേതന വിഹിതത്തിൽ വരുത്തിയ മാറ്റം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിലേക്ക് ചുരുക്കിയതോടെ അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെട്ടുവെന്നും, ബയോമെട്രിക് സംവിധാനം വഴി തൊഴിൽ നൽകുന്ന വ്യവസ്ഥ തൊഴിലാളികളെ പദ്ധതിയിൽ നിന്ന് അകറ്റാനുള്ള ശ്രമമാണെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
