കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകൾ ലംഘിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. ദേശീയപാത വികസന പദ്ധതികൾ ഇടത് സർക്കാരിന്റെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിനായി മാത്രം സംസ്ഥാനം 5600 കോടി രൂപ ചെലവഴിച്ചുവെന്നും, ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിനായി ഇത്രയും വലിയ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്ന അപൂർവ സാഹചര്യമാണ് കേരളത്തിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ നോഡൽ വകുപ്പായ പി.ഡബ്ല്യു.ഡി മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിൽ ഉൾപ്പെടുത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും, ഇത് വ്യക്തിപരമായ വിഷയം അല്ല മറിച്ച് കേരളത്തോടുള്ള അവഗണനയാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
