മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. ആരുടെയും പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിന്തുണ നൽകാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പാർട്ടിക്കെതിരെ സംസാരിക്കുന്നില്ലെന്നും സർക്കാരിനെതിരെ ഒന്നും പറയില്ലെന്നും സുധാകരൻ പറഞ്ഞു. ഭരണവിരുദ്ധ വികാരം സംബന്ധിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുവരുകൾ എഴുതില്ലെന്നും മണ്ഡലത്തിന് പുറത്തേക്ക് പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരലോഭമാണെന്ന ആരോപണത്തിന് മറുപടിയായി, “പാർട്ടിക്കാർ മത്സരിക്കുന്നത് കാശിക്കുപോകാനോ സന്യാസം സ്വീകരിക്കാനോ ആണോ?” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടെന്നും മൂന്നാം പിണറായി സർക്കാർ വരുന്നതിൽ താൽപ്പര്യമില്ലെന്നും സുധാകരൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവരോട് വോട്ട് അഭ്യർഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
