മുസ്ലിം ലീഗിനെതിരെ രൂക്ഷ ആരോപണങ്ങളുമായി കെ.ടി. ജലീൽ

മുസ്ലിം ലീഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ രംഗത്തെത്തി. തവനൂർ മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നായർത്തോട് പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ ലീഗ് നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം വിട്ടുനൽകാൻ തയ്യാറായ വ്യക്തിയെ ഉപയോഗിച്ച് ലീഗ് അനുഭാവിയായ ഒരു വ്‌ളോഗർ കള്ളപ്രചാരണം നടത്തുന്നുവെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നായർത്തോട് പാലം നിർമ്മാണത്തിനായി 27 പേരിൽ നിന്നായി 58 സെന്റ് ഭൂമി ഏറ്റെടുത്തതായും ഇതിനായി സർക്കാർ 1.72 കോടി രൂപ നഷ്ടപരിഹാരമായി നൽകിയതായും ജലീൽ വ്യക്തമാക്കി. രണ്ട് സെന്റ് സ്ഥലത്തിനും ഒരു ഷെഡിനുമായി സുബൈർ എന്ന വ്യക്തിക്ക് 11,43,000 രൂപ തിരൂർ അർബൻ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്. എന്നാൽ തനിക്ക് ആറ് ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ എന്ന രീതിയിൽ സുബൈറിനെക്കൊണ്ട് നുണ പറയിപ്പിക്കുകയാണെന്ന് ജലീൽ ആരോപിച്ചു.

ഭൂ ഉടമയായ സുബൈറിന് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാൻ താൻ നേരിട്ട് ഇടപെട്ടിരുന്നുവെന്നും തുകയോട് പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി അദ്ദേഹം ഒപ്പിട്ടതിന് ശേഷമാണ് പണം കൈമാറിയതെന്നും ജലീൽ പറഞ്ഞു. പാലം നിർമ്മാണം തടയാൻ ശ്രമിച്ചവർ ഇപ്പോൾ സുബൈറിനെ ഉപയോഗിച്ച് കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് വഴങ്ങിയത് നിർഭാഗ്യകരമാണെന്നും ഇത്തരം നുണപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

കർണാടകയിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞത് തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും എന്നാൽ അത് അംഗീകരിക്കാൻ മുസ്ലിം ലീഗിന് സാധിക്കുന്നില്ലെന്നും ജലീൽ പറഞ്ഞു. “തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല” എന്ന നിലപാടാണ് ലീഗിന്റേതെന്നും, ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത ഭാഷയിൽ ജലീൽ വിമർശനം തുടർന്നു.

മറുപടി രേഖപ്പെടുത്തുക