ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെൻ്റിൽ ലേബർ കോഡ് പാസാക്കിയത്: മുഖ്യമന്ത്രി

രാജ്യം ഇതുവരെ കണ്ടതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സാഹചര്യങ്ങളെ നേരിടുന്നതിനായാണ് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ നടന്ന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ പ്രത്യേക സാമൂഹ്യ–സാമ്പത്തിക സാഹചര്യങ്ങളാണ് ഇത്തരമൊരു സമ്മേളനം നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് നിലവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഈ നടപടികൾ നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡുകൾ തൊഴിൽ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന വിമർശനം നിലനിൽക്കുന്നുവെന്നും, നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ പേരിൽ തൊഴിൽ സുരക്ഷ തന്നെ കേന്ദ്ര സർക്കാർ എടുത്തുകളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിൽ സുരക്ഷ എന്ന ആശയം തന്നെ ഇന്ന് പഴങ്കഥയായി മാറിയിരിക്കുകയാണെന്നും, സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന നയങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളി ചൂഷണത്തിനെതിരെ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും, നിയമപരമായ പണിമുടക്ക് അസാധ്യമാക്കിയ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ നിയമങ്ങൾ ലഘൂകരിക്കൽ എന്ന പേരിൽ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന നിയമപരമായ സംരക്ഷണം കേന്ദ്ര സർക്കാർ എടുത്തുകളയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുക്തിസഹവും ജനാധിപത്യപരവുമായ വിയോജിപ്പ് രേഖപ്പെടുത്തുന്നത് ജനാധിപത്യ ബാധ്യതയാണെങ്കിലും, മതിയായ ചർച്ചകളില്ലാതെയാണ് പാർലമെന്റിൽ ഈ നിയമങ്ങൾ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള ആസൂത്രിത നീക്കമാണെന്നും, ഇതിലൂടെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ തന്നെ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

തൊഴിലാളികൾക്ക് പണിമുടക്കാനുള്ള അവകാശവും പുതിയ കോഡുകൾ ഇല്ലാതാക്കുന്നുവെന്നും, എല്ലാ അർത്ഥത്തിലും ഇത് തൊഴിലാളി വിരുദ്ധ നടപടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, ഇത് ഏതെങ്കിലും ഒരു വിഭാഗത്തിനായി മാത്രമുള്ളതല്ല, വരും തലമുറയുടെ ഭാവിക്കായി നടത്തേണ്ട പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക