ദൽഹി മദ്യനയ അഴിമതി കേസില്‍ കേന്ദ്ര ഏജൻസിയായ സിബിഐക്ക് വലിയ തിരിച്ചടിയായി കോടതിവിധി പുറത്ത് വന്നു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ കുറ്റവിമുക്തരാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 23 ആംആദ്മി പാര്‍ട്ടി നേതാക്കളെയും കോടതി വെറുതെ വിട്ടു. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.
ഡല്‍ഹിയിലെ മദ്യനയം രൂപീകരണത്തില്‍ വ്യാപകമായ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ വാദത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. നയപരിഷ്കാരത്തിലൂടെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ അനധികൃത ഇടപെടലുകള്‍ നടന്നുവെന്നായിരുന്നു സിബിഐയുടെ പ്രധാന ആരോപണം.
എന്നാല്‍ രേഖാമൂലമുള്ള തെളിവുകളോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഉറച്ച തെളിവുകളോ സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ കുറ്റപത്രങ്ങളില്‍നിന്ന് മനീഷ് സിസോദിയ അടക്കമുള്ള എല്ലാ ആംആദ്മി നേതാക്കളെയും ഒഴിവാക്കുന്നതായി കോടതി ഉത്തരവിട്ടു. ദീര്‍ഘകാലമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഇതോടെ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
