നോബൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെന്നിനെ എസ്‌ഐആർ ഹിയറിംഗിന് വിളിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉയർത്തി. അമ്മയുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നോട്ടീസ് അയച്ചത്.
2002 ലെ വോട്ടർ പട്ടികയിൽ അമർത്യ സെന്നിന്റെ അമ്മ അമിത സെന്നിന് 88 വയസ്സാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അമർത്യ സെന്നിന് 92 വയസ്സുള്ള സാഹചര്യത്തിൽ, അമ്മയും മകനും തമ്മിലുള്ള 15 വയസ്സിന്റെ വ്യത്യാസം ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് സംശയങ്ങൾക്കിടയാക്കി. യഥാർത്ഥത്തിൽ ഇരുവരുടെയും പ്രായവ്യത്യാസം ഏകദേശം 20 വയസ്സാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അമർത്യ സെന്നിന്റെ പേരിൽ നോട്ടീസിൽ അക്ഷരതെറ്റുണ്ടായതും വിമർശനങ്ങൾക്ക് ഇടയായി. എസ്‌ഐആർ നോട്ടീസിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ “അസംബന്ധമായ ഉദ്യോഗസ്ഥാധിപത്യം” കാണിക്കുന്നുവെന്ന് എം എ ബേബി ആരോപിക്കുകയും, വോട്ടർ പട്ടികകളുടെ പ്രത്യേക പരിഷ്‌കരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
