കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രി കേരളത്തിൽ വന്ന് വർഗീയത വിളമ്പുകയാണ്. യുപിയിലും ബിഹാറിലും പ്രസംഗിക്കുന്ന പോലെയാണ് കേരളത്തിലും പ്രസംഗിക്കുന്നത്.
ഇതിന് കൃത്യമായ മറുപടി കേരള ജനത നൽകുമെന്നും അങ്ങാടിപ്പുറം ക്ഷേത്രത്തിൽ തീ പിടിച്ചപ്പോൾ വെള്ളം കോരി തീ അണച്ചവരാണ് ലീഗുകാരെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കോൺഗ്രസ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വച്ചാണ് യോഗം നടക്കുന്നത് .
മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. കോൺഗ്രസിനും യുഡിഎഫിനും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ ഇത് വ്യക്തമായെന്നും വികസന നേട്ടങ്ങൾ ഒന്നും ബിജെപിക്ക് പറയാനില്ലെന്നും സതീശൻ പറഞ്ഞു. മതേതരത്വം സംരക്ഷിക്കുക എന്നതാണ് യുഡിഎഫിൻ്റെ പ്രഥമ പരിഗണന. അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
