രമേശ് ചെന്നിത്തലയുടെ തുഗ്ലക്ക് പരാമർശം പരിഹാസ്യം; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ താറടിക്കരുത്: മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ “തുഗ്ലക്ക് പരിഷ്‌കാരം” എന്ന പരാമർശത്തിന് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രസ്താവന പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അധ്യയന വർഷം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയിരുന്ന കാലഘട്ടം കേരളത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോട്ടോസ്റ്റാറ്റ് കോപ്പികൾ വിതരണം ചെയ്ത് ക്ലാസുകൾ നടത്തിയിരുന്ന അവസ്ഥയിൽ നിന്ന്, അധ്യയന വർഷം അവസാനിക്കുമ്പോഴേക്കും അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് സംസ്ഥാനം വളർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

2026–27 അധ്യയന വർഷം തുടങ്ങാൻ മാസങ്ങൾ ബാക്കിയിരിക്കെ തന്നെ 5.9 കോടി പാഠപുസ്തകങ്ങളും 8 ലക്ഷം കൈത്തറി യൂണിഫോമുകളും സംസ്ഥാനതലത്തിൽ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചതിന്റെ തെളിവാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ നേട്ടങ്ങളെ മുൻ പ്രതിപക്ഷ നേതാവ് “തുഗ്ലക്ക് പരിഷ്‌കാരം” എന്ന് വിശേഷിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരണകാലത്ത് സ്കൂളുകൾ അടച്ചുപൂട്ടപ്പെടുകയും വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്ത സാഹചര്യത്തിൽ നിന്ന് ഇന്നത്തെ പുരോഗതിയിലേക്കുള്ള വളർച്ചയെ താറടിക്കുന്ന പരാമർശങ്ങൾ എതിർക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അധിക്ഷേപങ്ങൾക്ക് പ്രാധാന്യം നൽകാതെ മുന്നോട്ട് പോകാമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക