സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ കർശനമായ നിയമനടപടി: മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ വിദ്യാലയങ്ങളെ വർഗീയ പരീക്ഷണവേദികളാക്കാനുള്ള ഏതൊരു ശ്രമവും സർക്കാർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ വിലക്കുകയും ഇതിനായി പിരിച്ചെടുത്ത തുക തിരികെ നൽകുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ശക്തമായി നിലനിൽക്കുന്ന കേരളത്തിൽ ഇത്തരമൊരു പ്രവണതയ്ക്ക് ഇടമില്ലെന്നും, ഉത്തരേന്ത്യൻ മാതൃകയിലെ വിഭജന രാഷ്ട്രീയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാലയങ്ങൾ ജാതി–മത ഭേദമന്യേ കുട്ടികൾ ഒരുമിച്ച് വളരേണ്ട ഇടങ്ങളാണെന്നും, അവിടെ വേർതിരിവിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ വിതയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ എല്ലാ കുട്ടികളും ഒരുപോലെ പങ്കുചേരേണ്ടവയാണെന്നും, ഇത്തരം കൂട്ടായ്മകളിലൂടെയാണ് പരസ്പര സ്നേഹവും ബഹുമാനവും കുട്ടികൾ പഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളുടെ മതേതര സ്വഭാവം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഘോഷങ്ങൾക്കായി പണം പിരിച്ചെടുത്ത ശേഷം പരിപാടി റദ്ദാക്കി തുക തിരികെ നൽകിയ നടപടി കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത സംരക്ഷിക്കാൻ എയ്ഡഡ്, അൺഎയ്ഡഡ് എന്ന വ്യത്യാസമില്ലാതെ എല്ലാ സ്കൂളുകൾക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി സങ്കുചിതമായ രാഷ്ട്രീയ–വർഗീയ താൽപ്പര്യങ്ങൾ സ്കൂളുകളിൽ നടപ്പാക്കാൻ ശ്രമിച്ചാൽ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പാഠപുസ്തക അറിവിനൊപ്പം സഹജീവി സ്നേഹവും ബഹുസ്വരതയും കുട്ടികൾക്ക് പഠിപ്പിക്കേണ്ട ഇടങ്ങളാകണം വിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾക്കു മാത്രം വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമായ വിവേചനമാണെന്നും, ഇത്തരം പ്രവണതകൾ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികളെ വർഗീയ ചിന്തകളുടെ ചട്ടക്കൂടിൽ പൂട്ടാതെ, അവരെ കുട്ടികളായി കാണാൻ സ്കൂൾ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഏതൊരു നീക്കവും സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക