നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
കോൺഗ്രസിൽ മുഖ്യമന്ത്രിയായി ആരെയെങ്കിലും മുൻകൂട്ടി ഉയർത്തിക്കാട്ടുന്ന പതിവില്ലെന്നും, അതിനാൽ പാർട്ടിക്ക് പ്രത്യേകമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ പേരിൽ പാർട്ടിക്കുള്ളിൽ യാതൊരു തർക്കവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി രീതിപ്രകാരം എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചാൽ 24 മണിക്കൂറിനകം മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
