ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ് ഐടി ശ്രദ്ധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉള്‍പ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണം. ഈ അന്വേഷണത്തിന്റെ ഗതിവിഗതി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ചിലതാല്‍പ്പര്യങ്ങളുണ്ട്. എസ് ഐടിയെ കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലും ഉള്ള കേസായതിനാല്‍ തന്ത്രിയെ കുടുക്കിയതെന്ന വാദത്തില്‍ മറുപടി പറയാനില്ല. പക്ഷെ, അന്വേഷണം ആരെയെങ്കിലും ബലിയാടാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനുള്ളത് ആകരുത്. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ രണ്ടുകക്ഷത്തും വെച്ച് സംരക്ഷിച്ച ശേഷമാണ് അഴിമതിക്കെതിരെ മുഖ്യമന്ത്രി ചാരിത്ര്യ പ്രസംഗം നടത്തുന്നത്.
ഇതുവരെ രംഗത്തില്ലാതിരുന്ന ബിജെപി ഇപ്പോഴാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയത്.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തുടക്കം മുതല്‍ ഇതുവരെ ബിജെപി മൗനത്തിലായിരുന്നുവെന്നും അത് ആരെ സഹായിക്കാനായിരുന്നുവെന്നും കെസി വേണുഗോപാല്‍ ചോദിച്ചു
ഭാഷയുടെ പേരില്‍ യുദ്ധം ഉണ്ടാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ഭാഷ ബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു. ഏത് ഭാഷ സംസാരിക്കണമെന്നത് അവരവരുടെ ഇഷ്ടമാണ്. അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
