മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബോധപൂർവമായ പ്രചരണം നടന്നു: മന്ത്രി കെ. രാജൻ

മുണ്ടക്കൈ–ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. പ്രതിമാസം നല്‍കി വരുന്ന 9,000 രൂപയുടെ സഹായം വരും മാസങ്ങളിലും തുടരുമെന്നും, ദുരിതബാധിതരെ പൂര്‍ണമായി പുനരധിവസിപ്പിക്കുന്നതുവരെ ഈ സഹായം നിലനിര്‍ത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ പ്രതിമാസ ധനസഹായമായി 9,000 രൂപ നല്‍കി വരുന്നത്. ആദ്യം മൂന്ന് മാസത്തേക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നതെങ്കിലും, ദുരിതബാധിതരുടെ ആവശ്യത്തെ തുടര്‍ന്ന് ഇത് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ഇപ്പോള്‍ സഹായം തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ധനസഹായം ലഭിക്കില്ലെന്ന തരത്തില്‍ ബോധപൂര്‍വമായ തെറ്റായ പ്രചാരണം നടക്കുന്നതായി കെ. രാജന്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ വരെയാണ് നിലവിലെ ഉത്തരവ് നിലവിലുള്ളതെന്നും, സഹായം നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവ് ഈ മാസം തന്നെ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ഈ ഇനത്തില്‍ മാത്രം 15 കോടി രൂപയ്ക്കുമേല്‍ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, അതിനാല്‍ അനാവശ്യ ആശങ്കകള്‍ക്ക് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതബാധിതര്‍ക്കുള്ള സഹായത്തില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും, വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സവും നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കച്ചവടക്കാര്‍ക്ക് പണം ലഭിച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്നും കെ. രാജന്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക