കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കെതിരെ ഉണ്ടായ കെ.എസ്.യു പ്രതിഷേധം സാധാരണ കരിങ്കൊടി കാണിക്കൽ മാത്രമായിരുന്നില്ലെന്നും, മറിച്ച് ആസൂത്രിതമായ ശാരീരിക അതിക്രമ ശ്രമമായിരുന്നുവെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപിച്ചു.
വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഒളിച്ചിരുന്ന കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുകൊണ്ട് തനിക്കെതിരെ പാഞ്ഞെത്തുകയായിരുന്നുവെന്നും അവർ പുലി ഇരയെ ആക്രമിക്കുന്ന രീതിയിലായിരുന്നു വന്നതെന്നും മന്ത്രി വിവരണം നൽകി.
പോലീസിന്റെ ശ്രദ്ധ തിരിക്കാനായി ഒരാൾ കരിങ്കൊടി ഉയർത്തിയപ്പോൾ, മറ്റൊരാൾ പോലീസ് വളയം മറികടന്ന് തനിക്കടുത്തേക്ക് എത്തിയതായും മന്ത്രി ആരോപിച്ചു. തള്ളിക്കയറ്റത്തിനിടെ തനിക്ക് ശാരീരികമായി വേദന അനുഭവപ്പെട്ടതായും, ഇത് വ്യക്തമായ ‘ഫിസിക്കൽ അസോൾട്ട്’ ആയിരുന്നുവെന്നും അവർ വ്യക്തമാക്കി. “എനിക്ക് ജീവിക്കണ്ടേ, എനിക്ക് ഇതുവഴി നടക്കണ്ടേ” എന്ന വാക്കുകളോടെയാണ് അന്ന് താൻ പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
