നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിൽ കായംകുളത്ത് യു. പ്രതിഭയും അരൂരിൽ ദലീമയും തുടരും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ സിപിഐഎം സ്ഥാനാർഥി ചിത്രം വ്യക്തതയിലേക്ക്. കായംകുളത്ത് നിലവിലെ എംഎൽഎയായ യു. പ്രതിഭ തന്നെ വീണ്ടും മത്സരിക്കുമെന്ന് സൂചന. അരൂരിൽ ദലീമയും തുടരുമെന്ന നിലപാടിലാണ് പാർട്ടി.

അതേസമയം, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മത്സരരംഗത്തുണ്ടാകില്ലെന്നാണ് വിവരം. ഫെബ്രുവരി അവസാനവാരം ചേർന്ന സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പുത്തലത്തു ദിനേശനും പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർഥി നിർണയം പ്രധാന ചർച്ചയായത്.

കൂടാതെ ചെങ്ങന്നൂരിൽ സജി ചെറിയാനെ വീണ്ടും മത്സരിപ്പിക്കാനും, അമ്പലപ്പുഴയിൽ എച്ച്. സലാം, ആലപ്പുഴയിൽ ചിത്തരഞ്ജൻ എന്നിവരെയും പരിഗണിക്കാനുമാണ് പ്രാഥമിക തീരുമാനം. ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥ പാലിക്കുകയും മുതിർന്ന നേതാക്കളെ രംഗത്തിറക്കുകയും ചെയ്താണ് അന്തിമ പട്ടിക തയ്യാറാക്കാൻ സിപിഐഎം ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ പുരോഗമിക്കുന്നത്. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെ ഒഴിവാക്കി ബാക്കിയുള്ളവരിൽ പലരും സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവരാണെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക