സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു; വെളിപ്പെടുത്തി അടൂർ പ്രകാശ്

സോണിയാ ഗാന്ധിയെ കാണാൻ ശബരിമല സ്വർണമോഷണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി സമ്മതിച്ചു. സോണിയാ ഗാന്ധിയെ കാണാനായി താനും അന്ന് പോയിരുന്നുവെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സോണിയാ ഗാന്ധിയെ കാണാൻ പോകുന്ന ദിവസം എം.പി എന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ഒപ്പം വരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. “സോണിയാ ഗാന്ധിയെ കാണാൻ പോയത് സത്യമാണ്. എന്നാൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരാളാണ് എന്നോടൊപ്പം വന്നതെന്ന് അപ്പോൾ എനിക്ക് അറിവുണ്ടായിരുന്നില്ല,” എന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിയതെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം. മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന കൂടിക്കാഴ്ചാ അവസരം പോറ്റിയെപ്പോലുള്ള ഒരാൾക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന് യുഡിഎഫ് കൺവീനർക്ക് വ്യക്തമായ മറുപടി നൽകാനായില്ല.

ശബരിമല സ്വർണമോഷണക്കേസ് സംസ്ഥാന സർക്കാരിനെതിരായ ആയുധമായി ഉയർത്തിയിരുന്ന കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഉള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളിൽ സോണിയാ ഗാന്ധിയുടെ കൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി ചരട് കെട്ടിക്കൊടുക്കുന്നതും ഉൾപ്പെടുന്നു. ഗോവർധൻ, സോണിയാ ഗാന്ധി, ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എന്നിവർ ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക