വി.സി നിയമനം: ഗവർണറുമായി ഒത്തുതീർപ്പിൽ എത്തിയതിനെതിരെ സിപിഐഎമ്മിൽ രൂക്ഷ വിമർശനം

വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി മുഖ്യമന്ത്രി ഒത്തുതീർപ്പിൽ എത്തിയതിനെതിരെ സിപിഐഎമ്മിനുള്ളിൽ ശക്തമായ എതിർപ്പ് ഉയരുന്നു. വി.സി നിയമനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിനെ പുറത്താക്കാനുള്ള നടപടിയും ഉണ്ടായതോടെ പാർട്ടിക്കുള്ളിലെ അതൃപ്തി കൂടുതൽ രൂക്ഷമായി.

ഗവർണറുമായുള്ള ഒത്തുതീർപ്പ് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നു. ഇത്തരമൊരു ഒത്തുതീർപ്പ് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംഭവത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ നേതാക്കൾ നിലപാടെടുത്തത്. വി.സി നിയമനത്തിന് പിന്നാലെ രജിസ്ട്രാറിനെ പുറത്താക്കിയതോടെ സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്. സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ സമരം നടത്തിയ സിപിഐഎമ്മിന്റെ വിദ്യാർത്ഥി–യുവജന സംഘടനകൾ ഇതുവരെ ഒത്തുതീർപ്പിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.

സി.സി. തോമസിനെ കേരള സാങ്കേതിക സർവകലാശാലയിൽ വി.സി ആയി നിയമിച്ചതിന് പിന്നാലെയാണ് കേരള സർവകലാശാല വിഷയത്തിലും സർക്കാർ കീഴടങ്ങിയതെന്ന വിമർശനം ഉയരുന്നത്. ശാസ്താംകോട്ട ഡി.ബി. കോളജിലെ പ്രിൻസിപ്പലായിരുന്ന അനിൽകുമാറിനെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് രജിസ്ട്രാറായി പുനർനിയമിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തത്.

തുടർന്ന് വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു. സർക്കാർ ഉൾപ്പെടെ ഇടതുസംഘടനകൾ അനിൽകുമാറിനൊപ്പം നിന്നപ്പോൾ, ചാൻസലർ വി.സി മോഹനൻ കുന്നുമ്മലിനെ പിന്തുണച്ചു. ഒടുവിൽ ചേർന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും തീരുമാനമാകാതെ വന്നതോടെ അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരുകയാണ്.

വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി, കെ.എസ്. അനിൽകുമാർ, സിന്‍ഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പ്രതികരിക്കാൻ തയ്യാറായില്ല.

മറുപടി രേഖപ്പെടുത്തുക