ഇന്ത്യക്കെതിരായ സൂപ്പർ ഫോർ പോരിന് മുമ്പുള്ള വാർത്താ സമ്മേളനം റദ്ദാക്കി പാക് ടീം

Ind vs Pak - Asia Cup

ദുബായ്: ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യക്കെതിരെ നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരായ തോല്‍വിക്കുശേഷം യുഎഇയെ നേരിടാനിറങ്ങും മുമ്പും പാകിസ്ഥാന്‍ അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടീമിന്‍റെ ആത്മവിശ്വാസമുയര്‍ത്താന്‍ മോട്ടിവേഷണല്‍ സ്പീക്കറെയും പാക് ടീം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. റഹീല്‍ ആണ് മോട്ടിവേഷണല്‍ സ്പീക്കറായി ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക് ടീമിനൊപ്പം ചേര്‍ന്നത്.

ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിയോടെ പാകിസ്ഥാന്‍ ടീം മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു എന്നാണ് സൂചന. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാനവിവാദവും യുഎഇക്കെതിരായ മത്സരത്തിലെ ബഹിഷ്കരണ ഭീഷണിയുമെല്ലാം പാകിസ്ഥാനെ മാനസികമായി തളര്‍ത്തിയെന്നാണ് വിലയിരുത്തല്‍.

പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി 

അതിനിടെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനും ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരിക്കും മാച്ച് റഫറിയെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതിഷേധം തള്ളിയാണ് ഐസിസി പൈക്രോഫ്റ്റിനെ മാച്ച് റഫറിയായി നിലനിര്‍ത്തിയത്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ ഇന്ത്യക്ക് അനുകൂലമായി പ്രവര്‍ത്തിച്ച ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരവും ടൂര്‍ണമെന്‍റും ബഹിഷ്കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത് നാടീകയ നിമിഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഒടുവില്‍ അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ പാകിസ്ഥാന്‍ തയാറാവുകയായിരുന്നു. പൈക്രോഫ്റ്റ് മാപ്പുപറഞ്ഞുവെന്നും ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി പക്ഷപാതപരമായി പെരുമാറിയെന്ന പരാതിയില്‍ ഐസിസി അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വിശദീകരണം. എന്നാലിത് ഐസിസി തള്ളിയിരുന്നു.

 

മറുപടി രേഖപ്പെടുത്തുക