ഈ വിജയം ധീര സൈനികര്‍ക്ക്, പാക് താരങ്ങൾക്ക് കൈ കൊടുക്കാതിരിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

Suryakumar Yadav

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ ആധികാരിക ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. പഹല്‍ഹാം ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ കുടംബാംഗങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഈ വിജയം ഓപ്പറേഷന്‍ സിന്ദൂറില്‍ ധീരമായി പോരാടിയ ഇന്ത്യൻ സൈനികരോടുള്ള ഐക്യദാര്‍ഢ്യത്തിനായി സമര്‍പ്പിക്കുന്നു, അവര്‍ ഇനിയും നമ്മെ പ്രചോദിപ്പിക്കട്ടെ-മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന ചോദ്യത്തിന് ജീവിതത്തില്‍ ചില കാര്യങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും അപ്പുറത്ത് കാണണമെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. നമ്മുടെ സര്‍ക്കാരും ബിസിസിഐയും ഒരേ നിലപാടിലാണ് മുന്നോട്ടുപോകുന്നത്. ബാക്കിയുള്ളതൊക്കെ ഞങ്ങള്‍ ഇവിടെയെത്തിയശേഷം എടുത്ത തീരുമാനങ്ങളാണ്. ഞങ്ങളിവിടെ ക്രിക്കറ്റ് കളിക്കാനാണ് വന്നത്. ഞങ്ങള്‍ പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയെന്നാണ് വിശ്വസിക്കുന്നത്-സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മറ്റേതൊരു ടീമിനെതിരെയുമുള്ള മത്സരം പോലെയായിരുന്നു ഈ മത്സരത്തെയും ഞങ്ങള്‍ കണ്ടത്. മത്സരത്തിന് മുമ്പുള്ള തയാറെടുപ്പുകളും അതുപോലെയായിരുന്നു.ഇത് ഇന്ത്യക്കാര്‍ക്കുള്ള സമ്മാനമാണ്. കാരണം, ചിവ കാര്യങ്ങള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും മനസിലുണ്ടാകും. ഈ മത്സരത്തില്‍ ജയിക്കാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവിലത് സാധ്യമായതില്‍ സന്തോഷമുണ്ട്. മത്സരത്തില്‍ അവസാനം വരെ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്പിന്നര്‍മാരുടെ വലിയൊരു ആരാധകനാണ് ഞാന്‍. കാരണം, മധ്യ ഓവറുകളില്‍ അവരാണ് കളി നിയന്ത്രിക്കുന്നത്. ഇന്ന് അവരെ മികച്ച രീതിയില്‍ നേരിടാനായതിലും ഇന്ത്യക്ക് ജയം സമ്മാനിക്കാനായതിലും സന്തോഷമുണ്ടെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. സൂര്യകുമാര്‍ യാദവിന്‍റെ 35-ാം ജന്‍മദിനം കൂടിയായിരുന്നു ഇന്നലെ.

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു