ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. നമീബിയയെ 93 റൺസിന് പരാജയപ്പെടുത്തി ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിന് ഓൾഔട്ടായി.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.
പവർപ്ലേയിൽ 57 റൺസ് നേടി മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും പത്താം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ നമീബിയയെ സമ്മർദത്തിലാക്കി. തുടർന്ന് ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരം കൈവശപ്പെടുത്തി. ലൗറൻ സ്റ്റീൻകാംപ് (29), ജാൻ ഫ്രൈലിങ്ക് (22), ജെറാർഡ് ഇറാസ്മസ് (18) എന്നിവർ നമീബിയക്ക് വേണ്ടി ശ്രദ്ധേയ പ്രകടനം നടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും നേടിയ അർധസെഞ്ചുറികളുടെ കരുത്തിലാണ് 209 റൺസ് നേടിയത്. ഇഷാൻ കിഷൻ 61 റൺസും ഹാർദിക് പാണ്ഡ്യ 52 റൺസും നേടി. സഞ്ജു സാംസൺ 22 റൺസ് കൂട്ടിച്ചേർത്തു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ യുഎസ്എയെ തോൽപ്പിച്ച ഇന്ത്യ, രണ്ടാം ജയത്തോടെ ആത്മവിശ്വാസം ഉയർത്തി. പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഞായറാഴ്ച കൊളംബോയിൽ നടക്കും.
