ഹിന്ദുക്കൾ ഇല്ലാതാവുകയാണെങ്കിൽ ഈ ലോകം മുഴവൻ ഇല്ലാതാകും: മോഹൻ ഭഗവത്

മണിപ്പൂർ സന്ദർശന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദുക്കൾ ഇല്ലാതാകുകയാണെങ്കിൽ ലോകം തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ നിലനിൽപ്പിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുവെന്നും ഭഗവത് കൂട്ടിച്ചേർത്തു.

മൂന്നു ദിവസത്തെ മണിപ്പൂർ സന്ദർശനത്തിനിടെയായിരുന്നു ഈ പ്രസ്താവനകൾ. യുനാൻ (ഗ്രീസ്), മിസ്ർ (ഈജിപ്ത്), റോം മുതലായ പുരാതന സാമ്രാജ്യങ്ങൾ ഇല്ലാതായെങ്കിലും ഇന്ത്യയും ഹിന്ദു സമൂഹവും അതിജീവിച്ചുവെന്നും അവർക്ക് ‘അമർത്വം’ സ്വഭാവഗുണമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ രാജ്യങ്ങളും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളും ഹിന്ദു സമൂഹം നേരിട്ടിട്ടുണ്ട്. യുനാൻ, മിസ്ർ, റോം എന്നിവയുള്പ്പെടെയുള്ള നാഗരികതകൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായി. എന്നാൽ ഹിന്ദു സംസ്കാരം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായത്,” ഭഗവത് പറഞ്ഞു.

ഭാരതം ‘മരണമില്ലാത്ത നാഗരികത’യാണെന്നും, സമൂഹത്തിൽ എപ്പോഴും നിലനിൽക്കുന്ന ബന്ധങ്ങളുടെ ശൃംഖല സൃഷ്ടിക്കാൻ ഹിന്ദുക്കൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ ഇല്ലാതാകുകയാണെങ്കിൽ ലോകം തന്നെ ഇല്ലാതാകും എന്നും ഭഗവത് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രൈസ്തവരും ഒരേ പൂർവികരിൽ നിന്നുള്ളവരായതിനാൽ ഇന്ത്യയിൽ “അഹിന്ദുക്കൾ” എന്ന ആശയം നിലനിന്നിട്ടില്ലെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

മറുപടി രേഖപ്പെടുത്തുക