ഇന്ത്യയിൽ ലിഥിയം-അയൺ ബാറ്ററി സെല്ലുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ റിലയൻസ് ഇൻഡസ്ട്രീസ് ഉപേക്ഷിച്ചുവെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. ബാറ്ററി സ്റ്റോറേജ് നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളിൽ മാറ്റമില്ലെന്നും, എല്ലാം നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് തന്നെ പുരോഗമിക്കുകയാണെന്നും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് തിങ്കളാഴ്ച വ്യക്തമാക്കി.
ബാറ്ററി സെൽ ഉൽപ്പാദനം മുതൽ എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ വരെ ഉൾപ്പെടുന്ന ലോകോത്തര ഒരു ഇക്കോസിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ചൈനീസ് കമ്പനിയായ സിയാമെൻ ഹിത്തിയം എനർജി സ്റ്റോറേജ് ടെക്നോളജിയുമായി സെൽ സാങ്കേതികവിദ്യ സംബന്ധിച്ച് റിലയൻസ് ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ ചൈനീസ് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ കാരണം പദ്ധതി താൽക്കാലികമായി നിർത്തിവച്ചുവെന്നായിരുന്നു ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. പ്രധാന സാങ്കേതികവിദ്യകളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളാണ് ചർച്ചകൾക്ക് തടസ്സമായതെന്ന സൂചനകളുമുണ്ടായി.
ലിഥിയം ബാറ്ററി ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി പ്രത്യേക പെർമിറ്റ് നിർബന്ധമാക്കുന്ന ചട്ടം കഴിഞ്ഞ ഒക്ടോബറിൽ ചൈന നടപ്പാക്കിയിരുന്നു. ഇലക്ട്രിക് വാഹന മേഖലയിലും ഊർജ്ജ സംഭരണ രംഗത്തും ആധിപത്യം നിലനിർത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.
എന്നാൽ ഇത്തരം റിപ്പോർട്ടുകൾക്കിടയിലും, ഇന്ത്യയിലെ ബാറ്ററി നിർമ്മാണ പ്ലാന്റ് ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ തുടരുമെന്നും റിലയൻസ് ആവർത്തിച്ച് വ്യക്തമാക്കി.
