ചൈനീസ് നിയന്ത്രിത വ്യോമാതിർത്തി ഉപയോഗിക്കാനായി എയർ ഇന്ത്യയുടെ നീക്കം

യൂറോപ്പും വടക്കേ അമേരിക്കയും ലക്ഷ്യമാക്കി നടത്തുന്ന ദീർഘദൂര സർവീസുകളുടെ പറക്കൽ സമയം കുറക്കുന്നതിനായി ചൈനയുടെ സിൻജിയാങ് മേഖലയിൽപ്പെട്ട നിയന്ത്രിത വ്യോമാതിർത്തി ഉപയോഗിക്കാനാവശ്യപ്പെട്ട് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനെ സമീപിച്ചതായി ബുധനാഴ്ച റോയിട്ടേഴ്‍സ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ അവസാനം ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജമ്മു–കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്ത് ഉണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ദക്ഷിണേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്ഥാൻ ഏപ്രിലിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അതിന്റെ വ്യോമാതിർത്തി അടച്ചിരുന്നു. ഈ വിലക്ക് ഇന്ധനച്ചെലവ് 29 ശതമാനം വരെ ഉയർത്തുകയും ചില റൂട്ടുകളിൽ യാത്രാസമയം ഏകദേശം മൂന്ന് മണിക്കൂർ വർധിപ്പിക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്‌സ് സൂചിപ്പിക്കുന്നു.

ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ കണക്കുകൾ പ്രകാരം വ്യോമാതിർത്തി വിലക്ക് മൂലം പ്രതിവർഷം നികുതിക്ക് മുമ്പുള്ള ലാഭത്തിൽ ഏകദേശം 455 മില്യൺ ഡോളറിന്റെ ബാധ്യതയാണ് നേരിടുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ 439 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക