ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല: വെള്ളാപ്പള്ളി

Vellappally Natesan

ഒരുകാലത്ത് മുസ്ലിം ലീഗും താനും ‘അണ്ണനും തമ്പിയും’ പോലെയായിരുന്നു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . സമുദായിക സംവരണം ആവശ്യപ്പെട്ട് ലീഗിനൊപ്പം താനും സമരം നടത്തിയിരുന്നുവെന്നും, ദില്ലി വരെ സമരം സംഘടിപ്പിക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, അവരുടെ ആവശ്യങ്ങൾ നടപ്പായതോടെ തങ്ങളെ ഉപേക്ഷിച്ചതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “ഇതാണ് ഒരുമിച്ച് സമരം ചെയ്യുന്നവർ ചെയ്യേണ്ടത്?” എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസ സംവരണം ഉറപ്പാക്കാമെന്ന് ലീഗ് പറഞ്ഞിരുന്നുവെന്നും, ആലുവ മണപ്പുറത്ത് കണ്ട ആത്മാർത്ഥത പിന്നീട് കാണാനായില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളേജുകളുണ്ടെന്നും, ‘മുസ്ലിം ലീഗ്’ എന്ന പേര് തന്നെ ഒരു പ്രത്യേക സമുദായത്തിന്റെ കൂട്ടായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് മന്ത്രിമാരുടെ വ്യക്തിഗത സ്റ്റാഫിലുപോലും മറ്റ് സമൂഹങ്ങളിലെ ആളുകളില്ല എന്ന് പറഞ്ഞു. “സമുദായത്തിന്റെ ദുഃഖമാണ് ഞാൻ പറഞ്ഞത്,” അദ്ദേഹം വ്യക്തമാക്കി.

“കരയുന്ന കുഞ്ഞിനാണ് പാലുള്ളത്. ഞങ്ങൾ കരഞ്ഞതുകൊണ്ടാണ് ഞങ്ങൾക്ക് പ്രാധാന്യം ലഭിച്ചത്. നമ്മളെ സഹായിക്കുന്നവരെ നമ്മൾ വിലമതിക്കണം. എൽ.ഡി.എഫ് സർക്കാരാണ് സാമൂഹിക പെൻഷൻ വിതരണം ഉറപ്പാക്കിയത്; ഇത് അടിസ്ഥാന വർഗങ്ങൾക്ക് ലഭിക്കുന്ന സഹായമാണ്,” വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക