രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അസത്യപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെയും പാർട്ടിയുടെയും ഉറച്ച നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യം എൽഡിഎഫ് മുമ്പ് തന്നെ ഉന്നയിച്ചിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. എസ്.ഐ.ടി അന്വേഷണം നടത്തി ഉത്തരവാദികളാരായവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരാളെയും എൽഡിഎഫ് സംരക്ഷിക്കില്ലെന്നും, പാർട്ടി ചുമതല വഹിക്കുന്നവർ ഉൾപ്പെടെ ആരെങ്കിലും സ്വർണക്കൊള്ളയിൽ പങ്കുണ്ടെങ്കിൽ മടിയില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ ഞങ്ങൾ ഒരാളെയും സംരക്ഷിക്കില്ല,” എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം. തദ്ദേശ സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫിനും ബിജെപിക്കും പറയാൻ ഒന്നുമില്ലെന്നും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി–ആർഎസ്എസ് വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പങ്കാളിത്തം വർഗീയ അജണ്ടയുടെ ഭാഗമാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

സനാതന ധർമ്മത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, ഗുജറാത്തിൽ കുട്ടികളെ “ഗാന്ധി ആത്മഹത്യ ചെയ്തു” എന്ന് പഠിപ്പിക്കുന്നത് ആർഎസ്എസിന്റെ ചരിത്രവ്യത്യാസ ശ്രമത്തിന്റെ തെളിവുമാണെന്നും അദ്ദേഹം പറഞ്ഞു. “ഗാന്ധിയെ കൊന്നത് ഹിന്ദു വർഗീയവാദികളാണ്; ഗോഡ്സേ അതിന് ഉപയോഗിച്ച ഒരു ഉപകരണം മാത്രമാണ്,” എന്നാണ് ഗോവിന്ദന്റെ വിലയിരുത്തൽ. ഇത്തരം ശ്രമങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മറുപടി രേഖപ്പെടുത്തുക