യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് മർക്കസുദ്ദവും സന്ധിയില്ലാത്ത പോരാട്ടവുമായി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒന്നിച്ചെതിർക്കുമെന്നും സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള വ്യക്തമാക്കി. വെൽഫെയർ പാർട്ടിയെ പരാജയപ്പെടുത്താൻ മതേതര പാർട്ടികളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മുജാഹിദ് മർക്കസുദ്ദവ നേതാവ് ഐ.പി. അബ്ദുൾ സലാം ആവശ്യപ്പെട്ടു.
യുഡിഎഫ്–വെൽഫെയർ പാർട്ടി ധാരണക്കെതിരെ വിവിധ മുസ്ലിം മതസംഘടനകൾ ഒരുമിച്ച് പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ്, എതിർപ്പുകൾ അവഗണിച്ച് സഹകരണം തുടരുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്. മതരാഷ്ട്ര വാദം പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒരുമിച്ച് എതിർക്കുമെന്നും റഹ്മത്തുള്ള സഖാഫി വീണ്ടും ഉറപ്പിച്ചു.
വെൽഫെയർ പാർട്ടിയുമായുള്ള ധാരണ യുഡിഎഫിന് തിരിച്ചടിയാകും എന്ന് മുജാഹിദ് മർക്കസുദ്ദവ സംസ്ഥാന സെക്രട്ടറി ഐ.പി. അബ്ദുൾ സലാം അഭിപ്രായപ്പെട്ടു. ഈ നീക്കത്തിൽ യുഡിഎഫ് “ഹൈജാക്ക്” ചെയ്യപ്പെട്ടുവെന്നും ആത്മഹത്യാപരമായ തീരുമാനം എടുത്തിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സമസ്തയിലെ കാന്തപുരം–ഇ.കെ. വിഭാഗങ്ങളും മുജാഹിദ് വിഭാഗങ്ങളും ഒരുമിച്ച് എതിർപ്പ് അറിയിച്ചു കൊണ്ടിരിക്കുമ്പോഴും, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്ന നിലപാട് യുഡിഎഫ് നേതാക്കൾ തുടരുകയാണ്. ഇതിൽ സമസ്ത നേതാക്കൾ കടുത്ത അസന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, വെൽഫെയർ പാർട്ടിയുടെ പരാജയം ഉറപ്പാക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് സമസ്തയിലെ ഒരു വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
