എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്; പ്രതികരണവുമായി ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീർ പ്രതികരിച്ചു. തോൽവിക്ക് ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും, അതിന്റെ തുടക്കം തന്നിൽ നിന്നാണ് എന്നുമാണ് ഗംഭീറിന്റെ ആദ്യ പ്രതികരണം.

താൻ തുടർന്നും ടീം പരിശീലകനായി തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, തന്റെ കാലഘട്ടത്തിൽ ടീം നേടിയ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഗംഭീർ പ്രതിരോധം തീർത്തു. “എന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ, ഇംഗ്ലണ്ടിൽ മികച്ച ഫലവും ചാംപ്യൻസ് ട്രോഫി വിജയവും നേടിക്കൊടുത്തത് ഞാൻ പരിശീലകനായിരിക്കുമ്പോഴാണ്,” എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

ബാറ്റിംഗ് തകർച്ച അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഗംഭീർ തുറന്നുപറഞ്ഞു. “95/1 എന്ന ഉറച്ച നിലയിൽ നിന്ന് 122/7 വരെ തകർന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഒരു കളിക്കാരനെയോ ഒരേയൊരു ഷോട്ടിനെയോ കുറ്റപ്പെടുത്തുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടില്ല—വീഴ്ച എല്ലാവരുടേതുമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗംഭീറിന്റെ പരിശീലനത്തിൽ ഇതുവരെ ഇന്ത്യ 18 ടെസ്റ്റിൽ 10 എണ്ണം തോറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെയും ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യ സ്വന്തം മൈതാനത്ത് പരമ്പര തോൽവി ഏറ്റുവാങ്ങി. ഗുവാഹത്തിയിലെ ഏറ്റവും പുതിയ തോൽവി റൺസിന്റെ തോതിൽ ഇന്ത്യക്കുണ്ടായിട്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുമാണ്.

മറുപടി രേഖപ്പെടുത്തുക