കെഎസ്ആർടിസി തന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി. 2025 ഡിസംബർ 1-ന് മാത്രം ടിക്കറ്റ് വിറ്റുവരവ് 9.72 കോടിയിലേക്ക് ഉയർന്നു. ഇതിന് പുറമെ ടിക്കറ്റിതര വരുമാനമായി 77.9 ലക്ഷം രൂപ കൂടി ലഭിച്ചതോടെ ആ ദിവസത്തെ ആകെ വരുമാനം 10.5 കോടി രൂപ കടന്നു. 2025 സെപ്റ്റംബർ 8-ന് രേഖപ്പെടുത്തിയ 10.19 കോടിയാണ് ഇപ്പോഴും കെഎസ്ആർടിസിയുടെ എക്കാലത്തെയും ഉയർന്ന ടിക്കറ്റ് പ്രതിദിന വരുമാനം.
കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപ മാത്രമായിരുന്നു ടിക്കറ്റ് വരുമാനം എന്ന സാഹചര്യത്തിൽ, ഇത്തവണത്തെ നേട്ടം കൂടുതൽ ശ്രദ്ധേയമാണ്. ഇപ്പോഴത്തെ സ്ഥിതിവിവരങ്ങൾ പ്രകാരം കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നതും പ്രത്യേകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരുമാനത്തിൽ വലിയ വർധനവ് കൈവരിക്കാനായത്, ടിക്കറ്റ് വരുമാന ലക്ഷ്യം 35 ഡിപ്പോകൾ വിജയകരമായി നേടിയത്, പുതിയ ബസുകളുടെ വരവ്, ഓഫ് റോഡിലുള്ള ബസുകൾ കുറച്ച് പരമാവധി സർവീസുകൾ നിരത്തിലിറക്കിയ ശ്രമം, സേവന നിലവാരത്തിൽ വരുത്തിയ മെച്ചപ്പെടുത്തൽ എന്നിവയുടേയും ഫലമായാണ്.
ഈ അഭിമാനകരമായ നേട്ടത്തിനായി സഹകരിച്ച എല്ലാ ജീവനക്കാരോടും, കെഎസ്ആർടിസിയോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ച യാത്രക്കാരോടും, പിന്തുണ നൽകിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടരും അറിയിച്ചു.
