ഇന്ത്യയ്ക്ക് തടസമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാർ: പുടിൻ

ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജവിതരണം ഉറപ്പാക്കാൻ റഷ്യ പൂർണ്ണമായി തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. എണ്ണ, കൽക്കരി തുടങ്ങിയ ഊർജസ്രോതസുകളുടെ വിശ്വസ്തമായ വിതരണക്കാരനാണ് റഷ്യയെന്നും വരാനിരിക്കുന്ന കാലങ്ങളിൽ ഇന്ത്യ–റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ നിർണായകമാകും എന്നും അദ്ദേഹം പറഞ്ഞു.

23-ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പുടിൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യ–റഷ്യ ബന്ധം ഏറെ ആഴമുള്ളതാണെന്നും 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുമെന്നും മോദി വ്യക്തമാക്കി.

ഇരു രാജ്യങ്ങളുടെയും സൗഹൃദം നിലനിറുത്തുന്നതിൽ പുടിൻ വഹിക്കുന്ന പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ കൂടിക്കാഴ്ച ഇന്ത്യയിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായകരമാകുമെന്നും മോദി കൂട്ടിച്ചേർത്തു.

ഭക്ഷ്യ സുരക്ഷയും ആരോഗ്യ പരിചരണവും ഉൾപ്പടെയുള്ള മേഖലകളിൽ നിരവധി കരാറുകൾ ഈ സന്ദർഭത്തിൽ ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് കൂടുതൽ രാസവളങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും, വാർത്താവിനിമയം, ആരോഗ്യം, ഷിപ്പിംഗ്, കുടിയേറ്റം മുതലായ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചതോടെ ഇന്ത്യയിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നുമാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക