കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയായ സാഹചര്യത്തിൽ, ബിജെപി നേതൃത്ത്വത്തിലുള്ള എൻഡിഎ ആത്മവിശ്വാസത്തിലാണ്. വികസിത കേരളം എന്ന ലക്ഷ്യത്തിന് സംസ്ഥാനത്തെ ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ ആത്മവിശ്വാസത്തിന് ആധാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഏഴ് പതിറ്റാണ്ടായി മാറിമാറി അധികാരത്തിൽ തുടരുന്നതിലൂടെ സംസ്ഥാനത്തെ പിന്നോട്ടാക്കി എന്ന വിമർശനത്തിനിരയായ ഇടതും വലതും മുന്നണികൾക്ക് ശക്തമായ തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലം എന്നതാണ് ബിജെപിയുടെ വിലയിരുത്തൽ. വികസനരാഷ്ട്രീയത്തെ പ്രധാന അജണ്ടയായി മുൻനിർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെന്നും, അത് കേരളത്തിലെ ജനങ്ങൾ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളവിഷയത്തിൽ ഇടതുപക്ഷത്തെയും, സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്ന വിമർശനവുമായി യുഡിഎഫിനെയും ജനങ്ങൾ നിരസിക്കുമെന്നും, വിവാദങ്ങളിൽ നിന്ന് വികസനത്തിലേക്ക് പ്രചാരണത്തെ മാറ്റിക്കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. എൻഡിഎ അധികാരത്തിലെത്തിയാൽ 45 ദിവസത്തിനകം അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസനരൂപരേഖ പുറത്തുവിടുമെന്നും, അഴിമതിയില്ലാത്ത സുതാര്യ ഡിജിറ്റൽ ഭരണം ഉറപ്പാക്കി സേവനങ്ങൾ വീട്ടുമുമ്പിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
