ദേശീയ സുരക്ഷ, പൊതുസുരക്ഷ, ദുർബലമായ യാത്രാ പരിശോധനാ സംവിധാനങ്ങൾ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ ഉയർന്ന നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചു.
നിലവിലുള്ള നിയന്ത്രണങ്ങൾ വിപുലീകരിച്ചുകൊണ്ട് കൂടുതൽ രാജ്യങ്ങൾക്കെതിരെ പൂർണ്ണമോ ഭാഗികമോ ആയ വിലക്കുകളാണ് പുതിയ ഉത്തരവിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇതോടെ 30-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായോ ഭാഗികമായോ പ്രവേശന നിയന്ത്രണങ്ങൾ ബാധകമാകും.
ചില യാത്രാ രേഖകളുമായി ബന്ധപ്പെട്ട നിബന്ധനകൾ കൂടുതൽ കർശനമാക്കിയതോടൊപ്പം, കുടുംബപരമായ ചില വിസ ഇളവുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം, താഴെപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണ്ണമായി വിലക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
- ബുർക്കിന ഫാസോ
- മാലി
- നൈജർ
- ദക്ഷിണ സുഡാൻ
- സിറിയ
കൂടാതെ, പലസ്തീൻ അതോറിറ്റി നൽകുന്ന യാത്രാരേഖകൾ കൈവശമുള്ള വ്യക്തികൾക്കും അമേരിക്കയിലേക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നിലവിലെ സംഘർഷ സാഹചര്യവും വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും കാരണം ഈ യാത്രക്കാരെ വിശ്വസനീയമായി പരിശോധിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.
നേരത്തെ ഭാഗിക നിയന്ത്രണത്തിലായിരുന്ന ലാവോസ്, സിയറ ലിയോൺ എന്നീ രാജ്യങ്ങളെയും പുതിയ ഉത്തരവിൽ പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയവരുടെ പട്ടികയിലേക്ക് മാറ്റി.
നിലവിലുള്ള പൂർണ്ണ വിലക്കുകൾ തുടരുന്നു
നേരത്തെ വിലക്ക് നിലവിലുണ്ടായിരുന്ന 12 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള പൂർണ്ണ പ്രവേശന നിയന്ത്രണം പുതിയ ഉത്തരവിലും തുടരും:
അഫ്ഗാനിസ്ഥാൻ, ബർമ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ.
നവംബർ 26-ന് വാഷിങ്ടൺ ഡി.സി.യിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവെയ്പ്പിനെ തുടർന്നാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഈ കേസിലെ പ്രതി, 2021-ലെ സൈനിക പിന്മാറ്റത്തിന് ശേഷം യുഎസിൽ പ്രവേശിക്കുകയും ഈ വർഷം ആദ്യം അഭയം നേടുകയും ചെയ്ത അഫ്ഗാൻ പൗരനായിരുന്നു.
15 രാജ്യങ്ങൾക്ക് കൂടി ഭാഗിക നിയന്ത്രണങ്ങൾ
നിലവിൽ ഭാഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ബറുണ്ടി, ക്യൂബ, ടോഗോ, വെനസ്വേല എന്നീ രാജ്യക്കാർക്ക് അത് തുടരും. ഇതിനുപുറമെ, 15 പുതിയ രാജ്യങ്ങൾക്ക് കൂടി ഭാഗിക പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
അംഗോള, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിത്താനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വെ.
അതേസമയം, തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള പൗരന്മാർക്കുള്ള നോൺ-ഇമിഗ്രന്റ് വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഈ രാജ്യത്തിന് മാത്രമായി ഭാഗികമായ ആശ്വാസം നൽകിയിട്ടുണ്ട്.
