വിഷപ്പുകയിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനമായ ഡൽഹി. വായുമലിനീകരണം ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്.
ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും, പുറത്തുപോകേണ്ട സാഹചര്യമുണ്ടെങ്കിൽ N95 മാസ്‌കുകൾ നിർബന്ധമായി ധരിക്കണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി. ബുധനാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം, വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷം. ഇവിടെ വായു നിലവാര സൂചിക (AQI) 378 ആയി രേഖപ്പെടുത്തി.
പുസ (365), രോഹിണി (364), ഐ.ടി.ഒ, വാസിർപൂർ, നേഹറു നഗർ (360–361), ജഹാൻഗീർപുരി, എൻഎസ്‌ഐടി ദ്വാരക (361) തുടങ്ങിയ പ്രദേശങ്ങളിലും അത്യന്തം മോശം വായു നിലവാരമാണ് റിപ്പോർട്ട് ചെയ്തത്. ഈ മേഖലകളിലെ താമസക്കാർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.
അശോക് നഗർ (350), ഡിടിയു (357), വിവേക് വിഹാർ (354), ദ്വാരക സെക്ടർ 8 (342), ഡോ. കാർണി സിംഗ് ഷൂട്ടിങ് റേഞ്ച് (342) എന്നിവിടങ്ങളിലും ഗുരുതര അവസ്ഥ തുടരുകയാണ്. ഡൽഹിയുടെ ഹൃദയ പ്രദേശങ്ങളായ ചാന്ദ്നി ചൗക്ക് (328), പഞ്ചാബി ബാഗ് (339), പട്പർഗഞ്ച് (331), ഡൽഹി സർവകലാശാല (319), ലോധി റോഡ് (289), സിആർആർഐ മധുര റോഡ് (297) എന്നിവിടങ്ങളിലും വായു നിലവാരം ആശങ്കാജനകമായി തുടരുന്നു.
അതേസമയം, തലസ്ഥാനത്തെ വലയ്ക്കുന്ന വായുമലിനീകരണ സാഹചര്യത്തിൽ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ മാപ്പ് പറഞ്ഞു. മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
