തൊഴിലുറപ്പ് പദ്ധതിയെ ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ തകർത്ത വഴി

സാധാരണക്കാരുടെ ഉപജീവനത്തിന് അത്താണിയായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ ഘട്ടംഘട്ടമായുള്ള ആസൂത്രിത നീക്കങ്ങളിലൂടെ തകർക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. ആദ്യം പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറച്ചും തുടർന്ന് തൊഴിൽ ദിനങ്ങൾ കുറച്ചുമാണ് കേന്ദ്രം നീങ്ങിയതെന്നും, ഇപ്പോൾ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേൽ ചുമത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശനം ഉയരുന്നു.

തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്നും കേന്ദ്രത്തിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

2004-ൽ ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, ഇടതുപക്ഷ പിന്തുണയില്ലാതെ രൂപം കൊണ്ട രണ്ടാം യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിമർശനം. ഈ കാലയളവിലാണ് പദ്ധതിക്കുള്ള ഫണ്ടിൽ വലിയ വെട്ടിക്കുറവുകൾ ആരംഭിച്ചതെന്നും ആരോപണം നിലനിൽക്കുന്നു.

തുടർന്ന് അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ പദ്ധതിയെ പൂർണമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചതായാണ് ആരോപണം. ഫണ്ട് വെട്ടിക്കുറയ്ക്കൽ, കൂലി കുടിശ്ശിക സൃഷ്ടിക്കൽ, തൊഴിൽ ദിനങ്ങൾ കുറയ്ക്കൽ തുടങ്ങിയ നടപടികളിലൂടെ കഴിഞ്ഞ പത്ത് വർഷമായി പദ്ധതി ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും, ഇതിന്റെ അന്തിമഘട്ടമായാണ് പുതിയ വിബിജി–റാംജി ബിൽ അവതരിപ്പിച്ചതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 100 ദിവസം തൊഴിൽ നൽകിയ കുടുംബങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, പുതിയ മാറ്റങ്ങൾ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും, പ്രത്യേകിച്ച് പദ്ധതിയുടെ ഫണ്ടിംഗ് പാറ്റേണിലെ മാറ്റം ഏറെ ദോഷകരമാകുമെന്നും സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറയുന്നു.

പുതിയ നിയമപ്രകാരം 60:40 എന്ന അനുപാതത്തിൽ ചെലവിന്റെ വലിയൊരു പങ്ക് സംസ്ഥാനങ്ങളുടെ ചുമലിൽ ചുമത്തുന്നതാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കാളിത്തവും നൽകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. ഇതിന് പുറമേ അധികമായി സൃഷ്ടിക്കുന്ന തൊഴിൽ ദിനങ്ങളുടെ സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങൾ തന്നെ ഏറ്റെടുക്കേണ്ടിവരും. ഇതുവഴി തൊഴിലുറപ്പ് പദ്ധതി ക്രമേണ ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന ആരോപണമാണ് ഉയരുന്നത്.

ബി.ജെ.പി സർക്കാരിന്റെ ഈ നടപടികൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക