നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു; വെളിപ്പെടുത്തി റസൂൽ പൂക്കുട്ടി

ഐഎഫ്എഫ്‌കെയിൽ ചില സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമേ നാല് പ്രമുഖ സംവിധായകർക്ക് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതായും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി വ്യക്തമാക്കി. മേള ആരംഭിക്കാൻ മൂന്ന് ദിവസം മുമ്പാണ് 187 സിനിമകൾക്ക് അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ അറിയിപ്പ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ എതിര്‍പ്പാണ് ഇതിന് കാരണമായതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

തുടർന്ന് താൻ നേരിട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും പ്രശ്നം പിന്നീട് പരിഹരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രമുഖ സംവിധായകരാണ് വിസ നിഷേധിക്കപ്പെട്ടവരെന്നും, ഇതുമൂലം അവരുടെ സിനിമകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ സാധിക്കാതിരുന്നുവെന്നും റസൂൽ പൂക്കുട്ടി അറിയിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നു ദില്ലിയിലെത്തിയാണ് താൻ ഇടപെടലുകൾ നടത്തിയത്. കോൺഗ്രസ് എംപി ശശി തരൂർ വിഷയത്തിൽ ഇടപെട്ട് സഹായം നൽകിയതായും അദ്ദേഹം പറഞ്ഞു. വിസ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളാണ് നടപടിക്രമങ്ങൾ വൈകാൻ കാരണമായതെന്നും റസൂൽ പൂക്കുട്ടി വിശദീകരിച്ചു.

വിദേശ നയം മുൻനിർത്തി സിനിമകൾക്ക് അനുമതി നിഷേധിക്കുന്ന പക്ഷം അത് പാലിക്കാൻ അക്കാദമി ബാധ്യസ്ഥമാണെന്നും, ഇത്തരം തീരുമാനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് ആറ് സിനിമകൾക്ക് അനുമതി നിഷേധിച്ചത് അംഗീകരിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

തന്റെ അസാന്നിധ്യം ചലച്ചിത്രമേളയെ ബാധിച്ചിട്ടില്ലെന്നും, വീഡിയോ കോൺഫറൻസിലൂടെ എല്ലായ്പ്പോഴും സംഘാടന പ്രവർത്തനങ്ങളിൽ താൻ സജീവമായി പങ്കെടുത്തിരുന്നുവെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക