തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ ബില്ല് നിയമമായി. കഴിഞ്ഞ ആഴ്ച പാർലമെന്റാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് ‘വിബിജി റാം ജി’ (വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമീൺ) ബിൽ കൊണ്ടുവന്നിരിക്കുന്നത്.
ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ ശക്തമായി നിലപാട് എടുത്തിരുന്നെങ്കിലും, പ്രതിപക്ഷ വിമർശനങ്ങളെ അവഗണിച്ച് ശബ്ദവോട്ടിലൂടെയാണ് ബിൽ പാർലമെന്റിൽ പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ തൊഴിലുറപ്പ് നിയമം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയ സാഹചര്യത്തിലാണ് രാജ്യസഭ ബില്ലിന് അംഗീകാരം നൽകിയത്.
ഇതിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബിജി റാം ജി ബിൽ കൊണ്ടുവന്നതിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പരസ്യമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ആശയങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
