ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ആശങ്കാജനകം; പിന്നിൽ സംഘപരിവാർ: മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ലോകത്തിന് നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും, ഇതിന് പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിന് പിന്നിൽ സംഘപരിവാറാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി പോലും റദ്ദാക്കിയതായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇത്തരം പ്രവണതകളിൽ നിന്ന് കേരളം വിട്ടുനിൽക്കും എന്ന ബോധ്യം തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പറഞ്ഞു.

സംസ്ഥാനത്തെ തപാൽ ഓഫീസുകളിലെ ക്രിസ്മസ്–പുതുവത്സര ആഘോഷ പരിപാടികളിൽ ഗണഗീതം പാടണമെന്ന് ബിഎംസിഎ യൂണിയൻ ആവശ്യപ്പെട്ട സംഭവവും അദ്ദേഹം ഉദാഹരണമായി പരാമർശിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ജീവനക്കാരുടെ കൂട്ടായ്മകൾ പരിപാടി തന്നെ ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടുന്ന കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അക്രമികളെ ന്യായീകരിക്കുന്ന നിലപാടാണ് ചില ബിജെപി നേതാക്കൾ സ്വീകരിച്ചതെന്നും, കരോൾ സംഘത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ചില മുതിർന്ന നേതാക്കൾ നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അനുബന്ധ സംഘടനകളിൽ നിന്ന് ഭീഷണി ഉയർന്നതായി വിവരം ലഭിച്ചതായും, ഇതിന്റെ പേരിൽ ചിലിടങ്ങളിൽ ആഘോഷങ്ങൾ റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും, മതപരമായ വിവേചനം കാണിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്രിസ്മസിനോടനുബന്ധിച്ച് കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ഇപ്പോൾ കരോൾ സംഘങ്ങളെ ആക്രമിക്കാൻ തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക