അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടീസ് അയച്ചു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. അൻവറിന് ബന്ധപ്പെട്ട ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ അൻവറിന്റെ സ്വത്തുസമ്പത്തിൽ ഏകദേശം 50 കോടി രൂപയുടെ വർധനയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടക്കുന്നത്. ഒരേ വസ്തു പണയം വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് വ്യത്യസ്ത വായ്പകൾ എടുത്തതായാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ സ്ഥാപനങ്ങൾ ഉൾപ്പെടെ ആറിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
