തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയും അതിന് സ്വീകരിക്കേണ്ട പരിഹാര നടപടികളും സിപിഎം സംസ്ഥാന നേതൃയോഗം വിശദമായി ചർച്ച ചെയ്തതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പ്രവണതകൾ പരിശോധിക്കുമ്പോൾ 60 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ലീഡുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ രാഷ്ട്രീയ പ്രചാരണവും സംഘടനാപരമായ മികവും ഉറപ്പാക്കിയാൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെക്കുറിച്ച് പൊതുജനങ്ങളിൽ അനുകൂല അഭിപ്രായമാണുള്ളത്; അതിനാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫും ബിജെപിയും കള്ളപ്രചാരണങ്ങൾ നടത്തി വോട്ട് നേടിയതായും, സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ വർഗീയ പ്രചാരണങ്ങൾ ഉപയോഗിച്ചതായും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സംസ്ഥാനത്താകെ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കൈമാറ്റം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
