ബെംഗളൂരു: ബെംഗളൂരുവിൽ ലിവ് ഇൻ പങ്കാളിയെ യുവാവ് നടുറോഡിൽ വാഹനം തടഞ്ഞ് തീ കൊളുത്തി കൊലപ്പെടുത്തി. 35 കാരിയായ വനജാക്ഷിയാണ കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളിയായിരുന്ന വിറ്റൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാബ് ഡ്രൈവറായ വിറ്റൽ മുമ്പ് മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനജാക്ഷിയും രണ്ട് തവണ വിവാഹിതയായിരുന്നു. കഴിഞ്ഞ നാല് വർഷമായി വിറ്റലും വനജാക്ഷിയും ലിവ്-ഇൻ റിലേഷനിൽ ആയിരുന്നു. അടുത്തിടെ വനജാക്ഷി വിറ്റലുമായി അകന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വിറ്റൽ സ്ഥിരം മദ്യപാനിയായിരുന്നു. മദ്യപിച്ച് ലക്കുകെട്ടെത്തി ഉപദ്രവം തുടങ്ങിയതോടെ വനജാക്ഷി വിറ്റലുമായി അകന്നു. പിന്നീട് കർണാടക രക്ഷണ വേദികെ അംഗമായ മാരിയപ്പ എന്ന മറ്റൊരാളുമായും അവർ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതോടെ വിറ്റലിന് വനജാക്ഷിയോട് പകയായി. കുറ്റകൃത്യം നടന്ന ദിവസം, ടാക്സി കാറിൽ മാരിയപ്പയ്ക്കൊപ്പം ഒരു ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ വിറ്റൽ വനജാക്ഷിയുടെ വാഹനത്തെ പിന്തുടർന്നു. പിന്നീട് ഒരു ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയതോടെ വിത്തൽ കാർ അകത്ത് പെട്രോൾ ഒഴിച്ചു. വനജാക്ഷിയുടെയും മാരിയപ്പയുടെയും ഡ്രൈവറുടെയും മേൽ പെട്രോൾ തെറിച്ചു.
ഇതോടെ ഡ്രൈവറും മാരിയപ്പയും വനജാക്ഷിയും കാറിൽ നിന്നും ചാടിയിറങ്ങി. എന്നാൽ വിറ്റൽ വനജാക്ഷിയെ പി ന്തുടർന്ന് കൂടുതൽ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. ഓടിയെത്തിയവരിൽ ഒരാൾ വനജാക്ഷിയുടെ ശരീരതിൽ തുണിയിട്ട് തീകെടുത്തി. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ 60 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ വിറ്റലിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും തക്കതായ ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇലക്ട്രോണിക് സിറ്റി ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നാരായണ എം പറഞ്ഞു.