മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം ജില്ലയിലെ മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയി മടങ്ങിവരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം ഉടൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ യാത്രക്കാർക്ക് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബസിൽ 28 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പുലർച്ചെ മൂന്നരയോടെയാണ് മണിമലയ്ക്ക് സമീപം പഴയിടത്ത് വെച്ച് തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി, ഏകദേശം അരമണിക്കൂറിനുശേഷം തീ പൂർണമായും അണച്ചു.

മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര നടത്തിയ സംഘം മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ മലപ്പുറത്തേക്ക് തിരിച്ചയച്ചു.

മറുപടി രേഖപ്പെടുത്തുക