അടുത്ത 25 വർഷത്തിനുള്ളിൽ കേരളീയരുടെ ശരാശരി ആയുർദൈർഘ്യം പത്ത് വർഷം വർധിക്കുമെന്ന് പഠനം. ‘ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം’ എന്ന പഠനത്തിലാണ് ഈ പ്രവചനം. 2051 ആകുമ്പോഴേക്കും കേരളത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുർദൈർഘ്യം ഗണ്യമായി ഉയരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2021ൽ കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 70.4 വർഷമായിരുന്നു. ഇത് 2051ൽ 80 വർഷമായി ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം, സ്ത്രീകളുടെ ആയുർദൈർഘ്യം 75.9 വർഷത്തിൽ നിന്ന് 85.7 വർഷമായി വർധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ മുതിർന്നവരുടെ അനുപാതം വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, കേരളത്തിലെ ജനനനിരക്കിൽ കാര്യമായ കുറവുണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. 2041ൽ സംസ്ഥാനത്തെ ജനസംഖ്യ 3.65 കോടി ആയി ഉയരുമെങ്കിലും, തുടർന്ന് ക്രമാനുഗതമായ ഇടിവ് രേഖപ്പെടുത്തും. 2051 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യ 3.55 കോടി ആയി കുറയുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.
