സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ എന്ന് നെറ്റിസൺസ്, എത്തിയത് കുട്ടികളടക്കമുള്ളവർ, 23,000 -ത്തിന്റെ ബില്ലടക്കാതെ ഭക്ഷണം കഴിച്ച് മുങ്ങി

യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾ നടത്തുന്ന റെസ്റ്റോറന്റാണ് സായ് സുരഭി. ഇപ്പോഴിതാ, 23500 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ആളുകൾക്കെതിരെ പോസ്റ്റിട്ടിരിക്കുകയാണ് ഇവർ. രണ്ട് കുടുംബങ്ങളാണ് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയത്. ആ​ഗസ്ത് 30 -നാണ് സംഭവം നടന്നതെന്നാണ് റസ്റ്റോറന്റ് ഉടമകളായ രാമൻ കൗറും നരീന്ദർ സിംഗ് അത്വയും റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ടേബിൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത് 15 മിനിറ്റിനുശേഷമാണ് രണ്ട് സംഘവും എത്തിയത്. കറികളും സൈഡ് ഡിഷുകളും കുട്ടികൾക്കുള്ള ഭക്ഷണവും എല്ലാമടക്കം ഇഷ്ടം പോലെ ഭക്ഷണം രണ്ട് കൂട്ടരും കഴിച്ചു. എന്നാൽ, ബില്ലടയ്ക്കാനുള്ള സമയത്ത് സംഘത്തിലെ സ്ത്രീകളെല്ലാം സ്ഥലം വിട്ടു. രണ്ടു പുരുഷന്മാർ അവിടെയുണ്ടായിരുന്നു. അവരോട് ബില്ലടയ്ക്കാൻ പറഞ്ഞപ്പോൾ തങ്ങൾക്ക് ബില്ലടയ്ക്കാൻ യാതൊരു നിർവാഹവുമില്ല എന്ന് പറഞ്ഞശേഷം അവരും സ്ഥലം വിടുകയായിരുന്നത്രെ.

പിന്നാലെ, തിങ്കളാഴ്ചയ്ക്കകം പണം നൽകുമെന്ന് രണ്ട് കൂട്ടരും വാഗ്ദാനം ചെയ്തു. എന്നാൽ, ആ വാഗ്ദാനം പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ദമ്പതികൾ വിശദീകരിക്കുന്നു.

ഇങ്ങനെ കാര്യങ്ങൾ പറയുന്നതിനോട് തങ്ങൾക്ക് താല്പര്യമില്ലെങ്കിലും വേറെ വഴിയില്ല എന്നാണ് ദമ്പതികൾ പോസ്റ്റിൽ പറയുന്നത്. രണ്ട് കുടുംബങ്ങളും ഇഷ്ടം പോലെ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ആസ്വദിക്കുകയും ഒക്കെ ചെയ്തു. അഞ്ച് കാർഡുകളാണ് അവർ ബില്ലടക്കാൻ ട്രൈ ചെയ്തത്. ആരെയൊക്കെയോ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ പറ‍ഞ്ഞു. എന്നാൽ, 200 പൗണ്ട് ബില്ല് വന്നിടത്ത് ഒന്നും അടക്കാതെയാണ് അവർ പോയത് എന്നാണ് ഇവർ പറയുന്നത്.

അവർ ഉറപ്പായും പണം അടക്കും എന്നാണ് പറഞ്ഞത്. അല്ലെങ്കിൽ സിസിടിവി ഫൂട്ടേജ് പുറത്ത് വിട്ടോളൂ എന്നും പറഞ്ഞു. എന്നാൽ, അവർ പണം അടച്ചില്ല. ബിസിനസ് നടത്തുന്നവരെന്ന നിലയിൽ ഈ തുക തങ്ങൾക്ക് വലിയ തുകയാണ് എന്നും വലിയ നഷ്ടമാണ് എന്നും പോസ്റ്റിൽ പറയുന്നു.

അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടൂ, എന്നും പൊലീസിനെ അറിയിക്കൂ എന്നും ഒരുപാടുപേർ പറഞ്ഞിരിക്കുന്നതും കമന്റുകളിൽ കാണാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു