മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു. പാർട്ടി നിർദേശിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് താനല്ല, പാർട്ടിയാണെന്നും, തനിക്ക് ഒരു പാർട്ടിയുണ്ടെന്നും, പാർട്ടി പറയുന്നതാണ് താൻ കേൾക്കുകയെന്നും സുധാകരൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും, ഇല്ലെങ്കിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി മത്സരിക്കണമെന്നോ വേണ്ടെന്നോ ഉള്ള ആഗ്രഹം തനിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
നേരത്തെ, മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി നിർദേശിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. തനിക്ക് മത്സരിക്കുന്നതിൽ ഒരിക്കലും പ്രയാസമുണ്ടായിട്ടില്ലെന്നും, മത്സരിക്കുകയാണെങ്കിൽ എവിടെയായാലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്യുമെന്ന വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിൽ തന്റെ തീരുമാനമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
