തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയം; കോൺഗ്രസിനുള്ളിലെ പോരായ്മകളെന്ന് ശശി തരൂർ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ച് പ്രതികരണവുമായി ശശി തരൂർ എംപി. ബിജെപിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പോരായ്മകളാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗരമേഖലയിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നുവെന്നും അന്നുതന്നെ ഈ കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും തരൂർ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും, നഗരമേഖലയിൽ ബിജെപിയുടെ വളർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കോൺഗ്രസ് നേതൃത്വം അത് ഗൗരവമായി എടുത്തില്ലെന്നും ശശി തരൂർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പാർട്ടിയുടെ പോരായ്മകളും ആഭ്യന്തര തർക്കങ്ങളും താൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, അവയെല്ലാം ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായി പങ്കെടുത്തിരുന്നുവെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ തന്നെയായിരിക്കും പറയുകയെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, “താൻ പാതി ബിജെപിയാണെന്ന” ആരോപണം വർഷങ്ങളായി കേൾക്കുന്നതാണെന്നും ശശി തരൂർ പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ തന്റെ നിലപാടുകളും ആശയങ്ങളും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ആളുകൾക്ക് പറയാനുള്ളത് പറഞ്ഞോട്ടെ. എന്നാൽ എന്റെ വിശ്വാസങ്ങളെക്കുറിച്ച് ഞാൻ എഴുതിയിരിക്കുന്നത് വായിക്കാൻ പലർക്കും ക്ഷമയില്ല. വാർത്താ തലക്കെട്ടുകൾ മാത്രം കണ്ടാണ് വിലയിരുത്തൽ നടത്തുന്നത്. ഉള്ളടക്കം വായിച്ചാൽ ഇത്തരം വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മനസിലാകും,” ശശി തരൂർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക