നേമം പിടിക്കാന്‍ സാധാരണക്കാർ പോരാ; തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ ഇറക്കാൻ കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ശശി തരൂർ എംപിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. നേമം പിടിച്ചെടുക്കാൻ ശശി തരൂർ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്ന വിലയിരുത്തലിലാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച അനുഭവമുള്ള തരൂരിലൂടെ ബിജെപിക്കുള്ളിൽ നിന്നുള്ള വോട്ടുകൾ പോലും യുഡിഎഫിന്റെ പക്ഷത്തേക്ക് എത്തിക്കാൻ കഴിയുമെന്നുമാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ വാദം.

നേമത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കാനിരിക്കെ, ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയില്ലെങ്കിൽ മണ്ഡലം ബിജെപിക്ക് നഷ്ടമാകുമെന്ന ആശങ്ക കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പേര് ശക്തമായി ഉയർന്നുവന്നത്.

2016ൽ ബിജെപി നേമത്ത് നേടിയ വിജയത്തിലൂടെയാണ് കേരള നിയമസഭയിൽ പാർട്ടി ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്നത്. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് പരാജയപ്പെടുത്തി സി.പി.എം സ്ഥാനാർത്ഥി വി. ശിവൻകുട്ടി നേമം തിരിച്ചുപിടിച്ചു. ആ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 36,524 വോട്ടുകൾ നേടിയിരുന്നു.

മറുപടി രേഖപ്പെടുത്തുക