കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കണം: വി.ഡി സതീശൻ

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ അവസ്ഥ വ്യക്തമാക്കാൻ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും തെറ്റിദ്ധരിപ്പിച്ച ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് സതീശൻ ആരോപിച്ചു.

കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരങ്ങൾ വെറും പ്രഹസനമാണെന്നും അദ്ദേഹം പരിഹസിച്ചു. ഡൽഹിയിൽ എത്തുമ്പോൾ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്നിൽ കീഴടങ്ങുന്ന മുഖ്യമന്ത്രി, കേരളത്തിൽ തിരിച്ചെത്തി സമരം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് സതീശൻ പറഞ്ഞു. ‘പിഎം ശ്രീ’ പദ്ധതിയിൽ രഹസ്യമായി ഒപ്പുവെച്ച് സ്വന്തം മന്ത്രിസഭയെ പോലും ഇരുട്ടിൽ നിർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റുകൾ നേടുമെന്ന അവകാശവാദം സതീശൻ തള്ളിക്കളഞ്ഞു. ഭരണവിരുദ്ധ വികാരം അത്രമേൽ ശക്തമാണെന്നും ഇടതുമുന്നണി പോകുന്ന വഴിയിൽ ഇനി പുല്ലുപോലും മുളയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തകർച്ച നേരിടുന്ന ആരോഗ്യമേഖലയെ വെന്റിലേറ്ററിൽ നിന്ന് രക്ഷിക്കാൻ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ജനങ്ങൾ യുഡിഎഫിനെ രക്ഷകരായി കാണുന്നുവെന്നും സതീശൻ അവകാശപ്പെട്ടു. ഇത്തവണ ഇടത് സർവീസ് സംഘടനകളിൽ നിന്നാകും യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുകയെന്നും, വാഴ്ത്തുപാട്ടുകാരായ നേതാക്കളുടെ വോട്ടുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക