ജോസ് കെ മാണി എൽഡിഎഫിൽ സജീവമായി തുടരുകയാണെന്നും അദ്ദേഹത്തിന്റെ നിലപാടിനെ കുറിച്ച് യാതൊരു ഊഹാപോഹങ്ങൾക്കും സാഹചര്യമില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഉയരുന്ന സംയുക്ത പ്രതിഷേധങ്ങളിൽ കേരള കോൺഗ്രസും പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റുകളുടെ ക്രമീകരണം എൽഡിഎഫ് നേതൃത്വം തീരുമാനിക്കുന്ന കാര്യമാണെന്നും അതിന് ശേഷമായിരിക്കും സ്ഥാനാർഥി നിർണയം നടക്കുകയെന്നും എം.എ. ബേബി അറിയിച്ചു. യുഡിഎഫിനുള്ളതുപോലുള്ള ആഭ്യന്തര പ്രശ്നങ്ങൾ എൽഡിഎഫിലില്ലെന്നും മുന്നണി കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എം.എ. ബേബി, ജോസ് കെ മാണി എൽഡിഎഫിനൊപ്പമാണെന്നും മുന്നണിയിൽ തുടരുമെന്നും വീണ്ടും ഉറപ്പിച്ചത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നടന്ന സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാതിരുന്നത് അദ്ദേഹം വിദേശത്തായിരുന്നതിനാലാണെന്ന് കേരള കോൺഗ്രസ് (എം) വിശദീകരിച്ചു. ഇക്കാര്യം മുൻകൂട്ടി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുത്തിരുന്നുവെന്നും പാർട്ടി വ്യക്തമാക്കി. കേരള കോൺഗ്രസ് (എം)നെതിരെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇത്തരം വാർത്തകളെന്നും പാർട്ടി പ്രതികരിച്ചു.
