ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിൽ കൂടുതൽ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം, റീൽസ് ക്രിയേറ്റർമാർക്കും കാഴ്‌ചക്കാർക്കും വേണ്ടി എഐ പവേർഡ് വോയ്‌സ് ട്രാൻസ്‌ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിപ്പിച്ചു. ബംഗാളി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകൾക്കാണ് പുതിയതായി പിന്തുണ ലഭിക്കുന്നത്.

മുമ്പ് ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്. ഇന്ത്യൻ ഭാഷകളിൽ ഹിന്ദി മാത്രമാണ് അന്ന് പിന്തുണച്ചിരുന്നത്. മുംബൈയിൽ നടന്ന ‘ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം’ പരിപാടിയിലാണ് കൂടുതൽ ഇന്ത്യൻ ഭാഷകൾക്ക് ഈ സവിശേഷതകൾ ലഭ്യമാക്കുന്ന കാര്യം മെറ്റ പ്രഖ്യാപിച്ചത്.

IPSOS നടത്തിയ പഠനമനുസരിച്ച്, ഷോർട്ട് വീഡിയോകൾ കാണുന്ന 92 ശതമാനം ആളുകളും ഇൻസ്റ്റാഗ്രാം റീൽസിനെയാണ് തിരഞ്ഞെടുക്കുന്നത്. ഭാഷാ തടസ്സങ്ങളില്ലാതെ വിവിധ ഭാഷകളിലുള്ള റീൽസ് ആസ്വദിക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് സഹായകരമാകും.

പ്രവർത്തനം എങ്ങനെ?
റീൽ ക്രിയേറ്റർമാർ ഒരു റീൽ അപ്‌ലോഡ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ‘Meta AI Translation’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ഇത് സജീവമാക്കിയാൽ, ഒരുഭാഷയിലുള്ള ഓഡിയോ ഈ ഫീച്ചർ പിന്തുണയ്ക്കുന്ന മറ്റൊരു ഭാഷയിലേക്ക് മാറ്റാൻ കഴിയും. വിവർത്തനത്തിനൊപ്പം കൃത്യമായ ലിപ്-സിങ്കും ലഭിക്കുന്നതാണ് പ്രധാന സവിശേഷത.

സാധാരണ ഡബ് വോയ്‌സ്‌ഓവർ പോലെ റോബോട്ടിക് ശബ്ദമല്ല ഇവിടെ ഉപയോഗിക്കുന്നത്. വിവർത്തനത്തിന് ശേഷവും ക്രിയേറ്ററുടെ യഥാർത്ഥ ശബ്ദം തന്നെ നിലനിർത്തുന്നതിനാൽ റീൽ കൂടുതൽ സ്വാഭാവികമായി തോന്നും. ലിപ്-സിങ്ക് സവിശേഷതയിലൂടെ, ക്രിയേറ്ററുടെ ചുണ്ടുകളുടെയും വായയുടെയും ചലനങ്ങളോട് പൊരുത്തപ്പെടുന്ന തരത്തിലാണ് ഓഡിയോ ഔട്ട്‌പുട്ട് ലഭിക്കുക. അതുവഴി, ക്രിയേറ്റർ അതേ ഭാഷയിൽ തന്നെ സംസാരിക്കുന്നുവെന്ന അനുഭവം പ്രേക്ഷകർക്ക് ലഭിക്കും.

ഒരു ഉപയോക്താവ് എന്ന നിലയിൽ, നിങ്ങൾ കാണുന്ന റീലുകളിൽ ലഭ്യമായ ട്രാൻസ്‌ലേഷൻ ഓപ്‌ഷൻ ഉപയോഗിച്ച് ഇഷ്ടഭാഷയിൽ ഉള്ളടക്കം ആസ്വദിക്കാനും ഇനിപ്പറയുന്ന രീതിയിൽ കഴിയും:

ഘട്ടം 1: താഴെ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക
ഘട്ടം 2: മുകളിൽ വലതുവശത്തുള്ള ഹാംബർഗർ മെനു ഐക്കണിൽ ടാപ്പ് ചെയ്യുക
ഘട്ടം 3: താഴേക്ക് സ്ക്രോൾ ചെയ്‌ത് ‘Your app and media’ ക്ലിക്ക് ചെയ്‌ത് ‘Language and translations’ തെരഞ്ഞെടുക്കുക.
ഘട്ടം 4: റീൽസ് ട്രാൻസ്‌ലേഷനിൽ ‘Translate to’ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: നിങ്ങളുടെ ഫീഡിൽ ഇൻസ്റ്റാഗ്രാം റീലുകൾ ദൃശ്യമാകാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക

മറുപടി രേഖപ്പെടുത്തുക