രാജ്യത്തെ വാഹന പരിശോധനാ കേന്ദ്രങ്ങളിലെ അഴിമതി അവസാനിപ്പിക്കുകയും റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കർശനമായ നിയമപരിഷ്കാരങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നു. വാഹനം നേരിട്ട് ഹാജരാക്കാതെയും കൈക്കൂലി നൽകി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടുന്ന പ്രവണതകൾക്ക് ഇതോടെ പൂര്‍ണമായും വിരാമമാകും.
ഇതിന്റെ ഭാഗമായി, ഓരോ വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധനയ്ക്കും ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗും നിറത്തിലുള്ള ഫോട്ടോകളും നിർബന്ധമാക്കുന്ന പുതിയ കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
പുതിയ വ്യവസ്ഥകൾ പ്രകാരം, പരിശോധനാ ഉദ്യോഗസ്ഥരോ അംഗീകൃത ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളോ വാഹനത്തിന്റെ എല്ലാ വശങ്ങളും വ്യക്തമായി കാണുന്ന വിധത്തിൽ കുറഞ്ഞത് 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം. ഈ ദൃശ്യങ്ങളിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ്, ഷാസി നമ്പർ, എഞ്ചിൻ നമ്പർ എന്നിവ വ്യക്തമാകണം.
പരിശോധനാ നടപടികളിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥർ ഭാഗത്തുനിന്നുള്ള ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും ജിയോ-ടാഗിംഗ് സംവിധാനം നിർണായകമായി സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
